അനുരാഗ് താക്കൂറിന് ഒപ്പമുള്ള ചിത്രം; വിവാദം ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താൻ സഹായിക്കുമെന്ന് എം.ബി രാജേഷ്

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായെന്ന് സ്പീക്കർ എം.ബി രാജേഷ്. ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായതിന് പിന്നാലെയാണ് സ്പീക്കർ വിശദീകരണവുമായി രം​ഗത്തെത്തിയത്. വിവാദങ്ങളിൽ ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ മറ്റു ചിലർ ഉയർത്തിയ വിമർശനം അങ്ങനെയല്ല. ഡൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണ്ണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

എല്ലാവർക്കുമെന്ന പോലെ എനിക്കും കക്ഷി – ജാതി-മത-ലിംഗ ഭേദങ്ങൾക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാർലമെന്റിൽ പ്രവർത്തിച്ച കാലത്ത് കൂടുതൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരിൽ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുൽ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പ്

സൗഹൃദങ്ങളുടെ രാഷ്ട്രീയം
——————————
വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ?ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ല.എല്ലാവർക്കുമെന്ന പോലെ എനിക്കും കക്ഷി – ജാതി-മത-ലിംഗ ഭേദങ്ങൾക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാർലമെന്റിൽ പ്രവർത്തിച്ച കാലത്ത് കൂടുതൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരിൽ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുൽ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചു ദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതു ചടങ്ങിൽ പറഞ്ഞത് വാർത്തയായിരുന്നല്ലോ.

ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.എൻ്റെ ആ നല്ല വാക്കുകൾ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തവരെ പ്രകോപിപ്പിച്ചു. അവർ എനിക്കെതിരെയും അതിൻ്റെ പേരിൽ കടന്നാക്രമണം നടത്തി. ഞാൻ അത് അവഗണിച്ചിട്ടേയുള്ളൂ എതിർ പക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുന്ന വിധമുള്ള പരാമർശങ്ങൾ ഞാൻ ഒരിക്കലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി മുതൽ ബഹു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരെക്കുറിച്ചും വ്യക്തിപരമായി നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ.എന്നാൽ രാഷ്ട്രീയമായി ശക്തമായി വിമർശിക്കേണ്ടി വന്നപ്പോളൊന്നും അതിൽ ഒരിളവും കാണിച്ചിട്ടുമില്ല.

ഒരാഴ്ച മുമ്പ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും. രാഹുൽ ഗാന്ധി പാർലമെൻ്റിൽ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്.അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങൾ.ഇഛാഭംഗത്തിൻ്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.

എന്നാൽ മറ്റു ചിലർ ഉയർത്തിയ വിമർശനം അങ്ങനെയല്ല. ദൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണ്ണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്.

Latest Stories

വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

IPL 2025: വെടിക്കെട്ട് പ്രകടനവുമായി ആർസിബി, പരിശീലനത്തിൽ നേടിയത് 310 റൺസ്; ബോളർമാർ കൊടുത്തതും മറക്കരുതെന്ന് ആരാധകർ

ആശാ വര്‍ക്കര്‍മാരുടെ സമരം; പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല

മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഇലക്ട്രോണിക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മെസി കാരണം എനിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്, അവസാനം അദ്ദേഹം എതിരാളിയാകും എന്ന് കരുതിയില്ല: പൗലോ മാള്‍ഡീനി

2025ല്‍ പടക്കത്തേക്കാള്‍ ഉച്ചത്തില്‍ പൊട്ടിയ മലയാള സിനിമകള്‍; കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

IPL 2025: കട്ടക്കലിപ്പിൽ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്സിന് പണി ഉറപ്പ്; വീഡിയോ വൈറൽ

സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

യുവതലമുറക്ക് ഇനി അവസരങ്ങളുടെ കാലം, കേരളം ഇസ്പോർട്സ് ഹബ്ബായി മാറുന്നു; പുതിയ രൂപരേഖ നോക്കാം

സിനിമ താരങ്ങളോളം പോപ്പുലാരിറ്റിയുള്ള ഏക രാഷ്ട്രീയക്കാരന്‍ മോദി; സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്റെ പുകഴ്ത്തല്‍; ഒപ്പം ഇഡി വീടിന്റെ ഗേറ്റിലെത്തുമെന്ന ഭയം എന്ത് ക്രിയേറ്റിവിറ്റിയാണ് സെലിബ്രിറ്റികള്‍ക്ക് ഉണ്ടാക്കുക എന്ന ചോദ്യവും