ദാരിദ്രരഹിത കേരളം, സംരഭക രംഗത്ത് കുതിച്ചുചാട്ടം, രാജ്യത്തെ പിഎസ്‌സി നിയമനങ്ങളുടെ 66 ശതമാനവും കേരളത്തില്‍; 9 വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി സര്‍ക്കാരിന്റെ ലഘുലേഖ

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വികസന ലഘുലേഖ പുറത്തിറക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍. കഴിഞ്ഞ 9 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണു ഇടത് സര്‍ക്കാര്‍ ലഘുലേഖ തയാറാക്കി പുറത്തിറക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ റാങ്കിലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടേയും ആശാ വര്‍ക്കേഴ്‌സിന്റേയും സമരം സര്‍ക്കാരിനെ വശംകെടുത്തിയ സമയത്താണ് പിഎസ്‌സി നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള സര്‍ക്കാരിന്റെ വികസന ലഘുലേഖ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം പിഎസ്സി നിയമനങ്ങള്‍ നടന്നത് കേരളത്തിലാണെന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പിണറായി സര്‍ക്കാര്‍ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്നതാണ് ലഘുലേഖയിലെ ആദ്യ നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കാനായെന്ന അവകാശവാദമായാണു സര്‍ക്കാര്‍ വികസന ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.  30,000 ത്തോളം തസ്തികകളാണ്‌ കേരള പിഎസ്‌സി സൃഷ്ടിച്ചത്‌, കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചതെന്നും ലഘുലേഖ വ്യക്തമാക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016 മേയ് മുതല്‍ പിഎസ്‌സി 1,61,361 ശുപാര്‍ശകളും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,14,701 ശുപാര്‍ശകളുംനല്‍കി എന്നാണ് ലഘുലേഖയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 2025ല്‍ മാത്രം ഇതുവരെ 8,297 ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു. നോര്‍ക്ക വഴി നാലായിരത്തോളം റിക്രൂട്ട്‌മെന്റുകള്‍ നടത്തിയെന്നും വികസന ലേഖ അടയാളപ്പെടുത്തുന്നു.2,378 യുവ പ്രഫഷണലുകള്‍ക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

സംരഭക രംഗത്ത് കുതിച്ചുചാട്ടത്തിനോടൊപ്പം ദാരിദ്ര്യ രഹിത കേരളം, വ്യവസായ സൗഹൃദ കേരളം എന്നി നേട്ടങ്ങളും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. 8 വര്‍ഷത്തിനിടയില്‍ 3,57,898 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും വികസന ലഘുലേഖ അടിവരയിടുന്നു.

സര്‍ക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സമഗ്ര ഭൂവിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും ഇടത് സര്‍ക്കാര്‍ വിശദീകരിക്കുന്നു. മാലിന്യമുക്ത കേരളവും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. നേട്ടങ്ങളുടെ വലിയ നിര തന്നെയാണു സംസ്ഥാന സര്‍ക്കാര്‍ വികസന ലഘുലേഖയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വിവരങ്ങളും ചുരുങ്ങിയ രൂപത്തില്‍ 2 പേജുകളിലായും സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക് രൂപത്തിലും സര്‍ക്കാര്‍ നേട്ടങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read more