വിമർശനങ്ങൾക്കിടയിൽ തിരുവനന്തപുരത്ത് സിപിഎം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ വാഴ്ത്തുപാട്ട് പാടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പാട്ട് പാടിയത്. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് മുൻപ് പാട്ട് തീർക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ പാട്ടിനിടയിൽ മുഖ്യമന്ത്രി വേദിയിലേക്ക് കടന്ന് വരികയായിരുന്നു.
അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചെർഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.
കെഎസ്ഇഎ അംഗം പൂവത്തൂർ ചിത്രസേനൻ എഴുതിയ ഗാനം പിണറായിയെ ഒരുതരം യുദ്ധവീരനായി ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: “ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ…” എന്നാണ് പാട്ടിന്റെ തുടക്ക വരികൾ. കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം അദ്ദേഹത്തെ ആദരിക്കുന്നു. മുന്നേ ഇറങ്ങിയ ഒരു ആരാധക വീഡിയോ ഒരിക്കൽ സിപിഎം നേതാവ് പി ജയരാജനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി കൃഷ്ണപിള്ളയോട് ഉപമിച്ചിരുന്നു. അന്ന് അത്തരം പ്രവണതകളെ രൂക്ഷമായി വിമർശിച്ചവരിൽ ഒരാളാണ് പിണറായി വിജയൻ.