പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സ്വപ്നയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ട്. സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കള്‍ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.
അഹംഭാവത്തിന് കൈയും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേതെന്നും കെ മുരളീധരന്‍ പറഞ്ഞു. മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ പൊലീസിന് മുന്നിലിട്ട് മര്‍ദിക്കുന്നു. ഗുണ്ടകള്‍ക്ക് പൊലീസ് കുടപിടിക്കുകയാണ്.
കത്തെഴുതിയത് താനെല്ലന്നാണ് മേയര്‍ പറയുന്നത്. മേയറുടെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയര്‍ അറിഞ്ഞില്ലെങ്കില്‍ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണമെന്നും മുരളീധരന്‍ പറഞ്ഞു.