കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഐസിസ് റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്ന പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അഭിപ്രായം തന്നെയാണോ സിപിഎമ്മിന്റേതെന്നും വിഡി സതീശന്‍ ചോദിച്ചു. പി ജയരാജന്‍ പറയുന്നതുപോലെ സംസ്ഥാനം ഐസിസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളോ ലഭിച്ചിട്ടുണ്ടോയെന്നും സതീശന്‍ ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ ഇത്തരം റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന സമിതി അംഗം ആരോപിക്കുന്നത് ഏറെ ഗൗരവകരമാണ്. പി ജയരാജന്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെയാണെന്നും സതീശന്‍ പറഞ്ഞു.
സിപിഎം നേതാവിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെങ്കില്‍ നടപടിയെടുക്കണം. പി ജയരാജന്റെ ആരോപണം ശരിയോ തെറ്റോ എന്ന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. പൊതുസമൂഹത്തിന് പി ജയരാജന്റെ ആരോപണത്തിന് പിന്നിലുള്ള യാഥാര്‍ത്ഥ്യം അറിയാന്‍ താത്പര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.