പിണറായി, പ്രസ്ഥാനത്തെയും അടിത്തട്ടു ജനതയെയും അവരുടെ സ്വപ്നം ചോര്‍ത്തിക്കളഞ്ഞ് വന്ധ്യംകരിച്ചു: ഡോ. ആസാദ്

പത്തു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരേയും നൂറിലേറെ കമ്മ്യൂണിസ്റ്റു മന്ത്രിമാരേയും കേരളം കണ്ടിട്ടുണ്ട് എന്നാല്‍ സ്വര്‍ണക്കടത്ത് – ഡോളര്‍കടത്ത് അധോലോക ബന്ധങ്ങളുടെ പേരില്‍ പിണറായി വിജയനെ പോലെ ആരും ആരോപണ വിധേയരായിട്ടില്ല എന്ന് സാമൂഹിക പ്രവർത്തകൻ ഡോ. ആസാദ്. രണ്ടു പതിറ്റാണ്ടു കാലം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെയും പൊതുസമൂഹത്തെയും നന്മതിന്മകളെ വിവേചിച്ചറിയാന്‍ ശേഷിയുള്ള പ്രത്യയശാസ്ത്ര ബാദ്ധ്യതകളില്‍ നിന്ന് പിണറായി വിജയൻ കയറൂരി വിട്ടു. കൊലപാതകം മുതല്‍ ഡോളര്‍ കടത്ത് വരെ നീളുന്ന കൊടുംകുറ്റകൃത്യങ്ങളെ മഹത്വപ്പെടുത്തി. പാര്‍ട്ടിക്കു വേണ്ടിയാണെങ്കില്‍ ഏത് അന്യായവും സാധുവാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിച്ചു. കൊലയാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാമെന്ന് ശീലിപ്പിച്ചു. ശത്രുസംഹാരത്തിന് ഏതു മാര്‍ഗവും സ്വീകാര്യമെന്ന പൊതുനിലയുണ്ടായി എന്നും ഡോ. ആസാദ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പത്തു കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിമാരേയും നൂറിലേറെ കമ്മ്യൂണിസ്റ്റു മന്ത്രിമാരേയും നാം കണ്ടിട്ടുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ‘കുറ്റ’ത്തിന് അവര്‍ പലവട്ടം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യതിയാനങ്ങളെച്ചൊല്ലി പഴി കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് – ഡോളര്‍കടത്ത് അധോലോക ബന്ധങ്ങളുടെപേരില്‍ ആരോപണ വിധേയരായിട്ടില്ല. വെറുക്കപ്പെടേണ്ടവരുടെ ആത്മമിത്രമെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ല. രാജ്യദ്രോഹക്കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന ഒരു പ്രതിയും അവരിലാരെ പറ്റിയും സന്ദേഹാസ്പദമായ മൊഴി നല്‍കിയിട്ടില്ല. അഴിമതിക്കേസില്‍ അവരാരും പതിറ്റാണ്ടുകളോളം കോടതികള്‍ക്കു മുന്നില്‍ കാത്തുകിടന്നിട്ടില്ല.

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്. ഇതെല്ലാം അലങ്കാരമായി സ്വീകരിച്ചുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടു കാലംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും പൊതുസമൂഹത്തെയും നന്മതിന്മകളെ വിവേചിച്ചറിയാന്‍ ശേഷിയുള്ള പ്രത്യയശാസ്ത്ര ബാദ്ധ്യതകളില്‍നിന്ന് അയാള്‍ കയറൂരി വിട്ടു. കൊലപാതകം മുതല്‍ ഡോളര്‍കടത്ത് വരെ നീളുന്ന കൊടും കുറ്റകൃത്യങ്ങളെ മഹത്വപ്പെടുത്തി. പാര്‍ട്ടിക്കു വേണ്ടിയാണെങ്കില്‍ ഏതന്യായവും സാധുവാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിച്ചു. കൊലയാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാമെന്ന് ശീലിപ്പിച്ചു. ശത്രുസംഹാരത്തിന് ഏതു മാര്‍ഗവും സ്വീകാര്യമെന്ന പൊതു നിലയുണ്ടായി.

അധമമാര്‍ഗങ്ങളില്‍ സ്വപ്നദൂതികള്‍ വിളയാടി. ശിവശങ്കര മദ്ധ്യമാര്‍ഗികള്‍ കാര്യസ്ഥവേഷമണിഞ്ഞു. പ്രേമകുമാരന്മാരുടെ താരാട്ടും തലോടലും സ്തുതിവചനവും നിറഞ്ഞു. എല്ലാം പണംകൊണ്ടും അധികാരം കൊണ്ടും നേടുന്നതെങ്ങനെയെന്ന് ലോകത്തെ അയാള്‍ പഠിപ്പിച്ചു. ഒരു മഹാ പ്രസ്ഥാനത്തെയും രാജ്യത്തെ അടിത്തട്ടു ജനതയെയും അവരുടെ മഹത്തായ സ്വപ്നം ചോര്‍ത്തിക്കളഞ്ഞ് വന്ധ്യംകരിച്ചു. ഹിരണ്യായ നമ ജപിക്കുന്ന അധികാരസേവകരെക്കൊണ്ട് കൊട്ടാര വഴികള്‍ ജനനിബിഡമായി. ആസ്ഥാനകവികള്‍ എല്ലാ കാലത്തെയും പോലെ പ്രഭാവലയം പെരുപ്പിച്ചു.

കോര്‍പറേറ്റുകളും ദല്ലാളുമാരും പൊതുമുതല്‍ കവര്‍ന്നു. ജനങ്ങളെ പണയം വെച്ച കാശ് വിദേശ സ്ഥാപനങ്ങളില്‍നിന്നു ഊറിക്കൂടി. എന്‍ഡോസള്‍ഫാന്‍ ഇരകളെ പട്ടിണിക്കിട്ട് അരലക്ഷം കോടിയോളം കടമെടുത്ത് സില്‍വര്‍ ലൈനിന് കൊടി നാട്ടി. കമ്മീഷന്‍ കോടികളായി ഏതെല്ലാമോ എക്കൗണ്ടുകളിലേക്ക് ഒഴുകി. പണക്കൊള്ളയുടെ വികസനത്തിന് കമ്യൂണിസ്റ്റു വേഷമിട്ട ഒരു മുഖ്യമന്ത്രി മുന്നില്‍ നില്‍ക്കുന്നു. അയാള്‍ ഡോളര്‍ കടത്തിയ കുറ്റവാളിയെന്ന് ഒരു മൊഴി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കുന്നു.

കമ്യൂണിസ്റ്റു കുലത്തിലെ ഒറ്റുകാരനെ, അഞ്ചാംപത്തിയ, കുലംകുത്തിയെ, പൊതുപ്രവര്‍ത്തനത്തിലെ അധാര്‍മ്മിക നായകനെ തേടുന്ന ഒരാള്‍ ഒരു നിമിഷം ഇവിടെ നിന്നുപോകും. അയാള്‍ ഇതല്ലേ എന്നു ശങ്കിക്കും. അതൊഴിവാക്കാന്‍ ഒരു പ്രചാരവേലക്കും കഴിയില്ല. കമ്യൂണിസ്റ്റു കാരനായതുകൊണ്ട് വരുന്ന ദുഷ്പ്രചാരണങ്ങളായിരുന്നെങ്കില്‍ ഇ എം എസ്സിനും ജ്യോതിബാസുവിനും നൃപന്‍ ചക്രവര്‍ത്തിക്കും അച്യുതമേനോനും ദശരഥ് ദേബിനും നായനാര്‍ക്കും മണിക് സര്‍ക്കാറിനും ബുദ്ധദേവിനും പി കെ വിക്കും വി എസ്സിനും നേരെ ഇത്തരം പരാതികള്‍ ഉയരണമായിരുന്നു. അന്ന് കമ്യൂണിസ്റ്റുവിരുദ്ധ ശക്തികള്‍ക്ക് ഇന്നത്തേതിലും പ്രതാപമുണ്ടായിരുന്നു. ലോകമുതലാളിത്തവും പെന്റഗണ്‍ ഉപജാപക സംഘവും ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെയോ ന്യായീകരണ വീരന്മാരുടെയോ പിന്‍ബലമില്ലാതെ കമ്യൂണിസ്റ്റു പാര്‍ട്ടി നട്ടെല്ലുയര്‍ത്തിയാണ് അന്നൊക്കെ നിലകൊണ്ടത്.

ഡോളര്‍കടത്തില്‍ കൂട്ട് മുഖ്യമന്ത്രിയാണെന്നു പറയാന്‍ സ്വര്‍ണ -ഡോളര്‍ കടത്തിലെ കുറ്റവാളിക്ക് നാവു പൊന്തിയ നിമിഷം തീര്‍ന്നില്ലേ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത? ജനാധിപത്യത്തിന്റെ വീറും വീര്യവും? മുഖ്യമന്ത്രിപദം ഇതില്‍ക്കൂടുതല്‍ അപമാനിതമാവാനുണ്ടോ? കൂട്ടരേ, നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലേ? ഒന്നും പറയാനില്ലേ? ആഗസ്ത് 15ന് ദേശീയപതാക ഉയര്‍ത്തേണ്ട കൈകള്‍ ഇത്രമേല്‍ അശുദ്ധമാകാമോ?

ആസാദ്
13 ആഗസ്ത് 2021

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന