സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി; 'കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു'

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തെറ്റായ ചില സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ജി.എസ്.ടിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും ഫെഡറല്‍ സംവിധാനം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നവരാണ് ബിജെപി സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തരകൊറിയയെയും ചൈനയെയും താരതമ്യം ചെയ്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകുന്നതിന്റെ കാര്യങ്ങളാണ് താന്‍ പറഞ്ഞത്. അമേരിക്കക്കെതിരെ ചൈന ഒന്നും ചെയ്യുന്നില്ല. എന്നാല്‍ വടക്കന്‍ കൊറിയ ശക്തമായി നീങ്ങുകയാണ് എന്ന് താന്‍ പ്രസംഗിച്ചുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ രാജ്യങ്ങളെയും കുറിച്ച് വിലയിരുത്തുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍ അത് മനസിലാക്കാന്‍ കഴിയാത്ത ആള്‍ക്കാര്‍ക്ക് പറ്റിയ അബദ്ധമാണ് അത്തരം വാര്‍ത്ത വരുവാന്‍ ഇടയാക്കിയത്. ഒരു രാഷ്ട്രത്തെയും സി.പി.എം താരതമ്യം ചെയ്തിട്ടില്ല.