മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പഞ്ചായത്ത് ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.ഇ.ഒ യുടെ മുന്‍ ജില്ലാ പ്രസിഡന്റും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യു.ഡി ക്ലാര്‍ക്കുമായ പി.ജയരാജനാണ് നടപടിക്കു വിധേയനായത്.

ചെളി നിറഞ്ഞ വയലില്‍ ഷൂസും കൈയുറയും ധരിച്ച് ഞാറു നടാനിറങ്ങിയ മുഖ്യമന്ത്രിയുടെ ഫോട്ടോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് സസ്പെന്‍ഷന്‍. സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് ജയരാജനെതിരെയുള്ള കുറ്റം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജയരാജന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജയരാജനെതിരെ നടപടിയെടുത്തത്. കാസര്‍കോട്ടെ പഞ്ചായത്ത് ഡപ്പ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പെര്‍ഫോമന്‍സ് ഓഡിറ്ററായിരിക്കെയാണ് ജയരാജന്‍ ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. മാതമംഗലം വെള്ളോറ സ്വദേശിയാണ് ജയരാജന്‍.