'പിണറായി മുണ്ടുടുത്ത മുസോളിനി'; കാനത്തെ സാക്ഷിയാക്കിയുള്ള രൂക്ഷ വിമര്‍ശനം സിപിഐ. എറണാകുളം ജില്ലാ സമ്മേളനത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും മുണ്ടുടുത്ത മുസോളിനി പരാമര്‍ശവുമായി സിപിഐ. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് കാനത്തെ സാക്ഷിയാക്കി രൂക്ഷ വിമര്‍ശനം. പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ.ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കളുടെ സാനിധ്യത്തിലാണ് പ്രതിനിധികള്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.

സി.പി.ഐ.എമ്മിനെതിരെ കാനം രാജേന്ദ്രന്‍. സി.പി.ഐയെ ദുര്‍ബലപ്പെടുത്തി എല്‍.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ടന്ന് കാനം പറഞ്ഞു. സി.പി.എം ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന ധാരണ സി.പി.ഐയ്ക്കുമില്ലെന്നും കാനം പറഞ്ഞു. സി.പി.ഐ. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

Read more

രാജ്യത്ത് സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സി.പി.ഐ.എമ്മും സി.പി.ഐയും ഉള്‍പ്പെട്ട മുന്നണിയുടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടത്. വിരുദ്ധ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സി.പി.ഐയ്ക്കുണ്ട്. അത് നിറവേറ്റുന്നതിനെ തര്‍ക്കമായി കാണ്ടേന്നും കാനം പറഞ്ഞു. മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്തുന്നതിനും ശരിയിലേക്ക് സര്‍ക്കാരിനെ കൊണ്ടു പോകുന്നതിനും വേണ്ടിയാണ് അതെന്നും കാനം കൂട്ടിച്ചേര്‍ത്തു.