പകുതി ബിജെപിയും പകുതി സിപിഎമ്മും ആയ അർധനാരീശ്വരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ പരാമർശം ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി അന്വേഷണത്തെകുറിച്ച് പ്രതികരിക്കവെയാണ് പരാമർശം.
ഇ ഡിയെ തങ്ങൾക്ക് ഭയമില്ലെന്ന് പറഞ്ഞ മരളീധരൻ ഇ ഡി കേന്ദ്ര വിലാസം സംഘടനയാണെന്നും കുറ്റപ്പെടുത്തി. ഇ ഡി കാര്യമായി പെരുമാറാത്ത ബി ജെ പി ഇതര സംസ്ഥാനം കേരളം മാത്രമാണെന്നും പകുതി ബിജെപിയും പകുതി സിപിഐഎമ്മും ആയ അർധനാരീശ്വരനാണ് പിണറായി വിജയനെന്നും കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും ഇ.ഡി മുഖ്യമന്ത്രിമാരെ ഉപദ്രവിക്കുന്നത് അതുകൊണ്ടാണെന്നും കെ മുരളീധരൻ പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ ഇമേജ് തകർക്കാൻ ഒരു ഇ.ഡിയും വളർന്നിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും കെ മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നവർ ചുറ്റുപാടും ഉണ്ടെന്നും അതുകൊണ്ട് എല്ലാ പൊതുപ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നും എത്താതിരുന്നത് അസുഖം കാരണമാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും കെ മുരളീധരൻ പറഞ്ഞു.