മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രിയുടെ കീഴിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു. അത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി താൻ കാണുന്നുവെന്നും കെ കെ രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾക്ക് കണ്ട് പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവുമെന്നും കെ കെ രാഗേഷ് കുറിച്ചു.
കെ കെ രാഗേഷിന്റെ ഫേസ്ബുക്കിന്റെ പൂർണ്ണരൂപം
സിഎം ഓഫീസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞു കണ്ണൂരിലേക്ക് വരുമ്പോൾ സഹപ്രവർത്തകർ പങ്കുവെച്ച ചില അഭിപ്രായങ്ങൾ ചിലർ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ. ഹ്രസ്വമായ ഒരു പ്രതികരണം ആ വിഷയത്തിൽ നേരത്തെ നടത്തിയിട്ടുണ്ട്. എന്നാൽ നാലുവർഷത്തെ ആ ഓഫീസിലെ പ്രവർത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട് താനും. നേരവും കാലവും നോക്കാതെ, ഊണും ഉറക്കവും വെടിഞ്ഞ്, ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ആ ഓഫീസിൽ ജോലിചെയ്ത കാലയളവ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന് ഞാൻ കരുതുന്നു.
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കീഴിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാൻ കാണുന്നു. ഓഫീസ് പ്രവർത്തനത്തിന്റെ ആദ്യനാളുകളിൽ തന്നെ എന്നോട് അദ്ദേഹം നിർദ്ദേശിച്ച ഒരു പ്രധാന കാര്യമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാർട്ടി പ്രവർത്തകരുടെയും പാർട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസ്സിൽ വെച്ചുവേണം കാര്യങ്ങൾ ചെയ്യാൻ. കുറച്ചുദിവസങ്ങൾ കൊണ്ട് തന്നെ എനിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയായിരുന്നു. ട്രാൻസ്ഫർ മുതലായ വിഷയങ്ങൾ സർവ്വീസ് സംഘടനകൾ വഴിയായിരുന്നു മുൻകാലങ്ങളിൽ നിയന്ത്രണം. ഭരണപക്ഷത്തുള്ള സർവീസ് സംഘടനകൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ഒരു സംവിധാനം ആയിരുന്നു അത്. എന്നാൽ ഈ സർക്കാർ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കിയതോടുകൂടി അർഹതയുള്ളവർക്കെല്ലാം അത് പ്രാപ്യമായി. ഒരു ഭരണകർത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് അപ്പോൾ ഞാൻ കാണാൻ തുടങ്ങിയിരുന്നു.
നൂറുകണക്കിന് നിവേദനങ്ങളാണ് ഓരോ ദിവസവും ഓൺലൈൻ വഴിയും അല്ലാതെയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. ഞങ്ങളാരും ഓരോ നിവേദനവും പദാനുപദം വായിച്ചിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി അങ്ങനെയായിരുന്നില്ല. തനിക്ക് ലഭിക്കുന്ന നിവേദനങ്ങൾ ഒറ്റവരിപോലും വിട്ടുപോകാതെ വായിക്കും, അതിൽ എന്തുനടപടിയെടുക്കണം എന്ന വിശദമായ കുറിപ്പെഴുതി ഞങ്ങൾക്കു തരും! തന്നോട് സംസാരിക്കാനെത്തുന്ന ഓരോ ആളുടെയും വാക്കുകൾ സസൂക്ഷ്മം കേൾക്കുകയും അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കുറിപ്പെഴുതി നടപടിയെടുക്കാൻ ഞങ്ങളെ ഏൽപിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് ഇതെല്ലാം ആദ്യകാലത്തെ അത്ഭുതങ്ങളായിരുന്നു.
ഉദ്യോഗസ്ഥതലത്തിലുള്ള യോഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ സൂക്ഷ്മതയോടെ കേട്ട് അവധാനതയോടെ അവ വിലയിരുത്തിക്കൊണ്ട് അന്തിമതീരുമാനത്തിലേക്കെത്തുന്ന ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്. അവയിലൊക്കെ ദീർഘകാലത്തെ അനുഭവങ്ങളിലൂടെ ആർജ്ജിച്ച വെളിച്ചവും തെളിച്ചവുമുണ്ടായിരുന്നു. വർഗതാല്പര്യമുണ്ടായിരുന്നു. ഓരോ പദ്ധതികളിലും ആ സവിശേഷമായ കൈയ്യൊപ്പുണ്ടായിരുന്നു.
ക്ഷേമപ്രവർത്തനങ്ങൾക്കായിരുന്നു എന്നും അദ്ദേഹത്തിന്റെ സർക്കാർ മുൻഗണന കൊടുത്തത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെക്കിഞെരുക്കി ട്രഷറിപൂട്ടിക്കുമെന്ന നിലയിലെത്തിച്ചപ്പോഴും മറ്റു പദ്ധതികൾക്കുള്ള ചെലവ് മാറ്റിവെച്ചുപോലും ക്ഷേമപ്രവർത്തനങ്ങൾ നിന്നുപോവാതെ, കാശിന്റെ മുടക്കം അനുഭവിപ്പിക്കാതെ സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഒരു ഭരണാധികാരിയാണ് അദ്ദേഹം. ഇടതുപക്ഷേതര സർക്കാരുകളുടെ അതിദരിദ്രരോടും അരിക് വൽക്കരിക്കപ്പെട്ടവരോടുമുള്ള നയം എന്തായിരുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ, മന്ത്രിമാരെ വിളിച്ച് ആ മുൻഗണന എപ്പോഴും ഓർമിപ്പിക്കുന്നതിന് സാക്ഷികളായിരുന്നു ഞങ്ങളെല്ലാവരും.
Read more
ഒരു ഭരണാധികാരിയുടെ കീഴിൽ കേരളം വിപ്ലവാത്മകമായി മാറിയെങ്കിൽ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാൻ കഴിഞ്ഞതിൽ എനിക്കും അൽപമല്ലാത്ത അഭിമാനമുണ്ട്! ഈ കുറിപ്പെഴുതുമ്പോള്‍ സി.എം. ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നാളുകളില്‍ പിന്തുണയായി കൂടെനിന്ന മുഖങ്ങൾ മനസ്സിലേക്ക് ഒഴുകി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകര്‍, ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.