പിണറായിക്ക് മുട്ട് മടക്കേണ്ടി വരും, പിന്തിരിഞ്ഞോടേണ്ടി വരും: കെ.പി.എ മജീദ്

കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.എ മജീദ് രംഗത്ത്. ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പൊലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്ന് കെ.പി.എ മജീദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മുസ്‌ലിംലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. വിഷയം മാറ്റേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരും.

വഖഫ് സംരക്ഷണ റാലി നടത്തിയ മുസ്ലിം ലീഗ് നേതാക്കളടക്കം പതിനായിരം പേർക്കെതിരെ ഇന്നലെ വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും പറഞ്ഞാണ് കേസെടുത്തത്.