ആറ്റിങ്ങലില്‍ അച്ഛനും മകളും പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുമെന്നും തോന്നക്കല്‍ സ്വദേശി ജയചന്ദ്രന്‍ പറഞ്ഞു.
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിടേണ്ടി വന്ന എട്ടു വയസുകാരി പെണ്‍കുട്ടിയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കാനാണ് കോടതിയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് പോരാടിയത് എന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഇതിന് ശേഷമാണ് നഷ്ടപരിഹാര തുക എപ്രകാരം ചെലവഴികകുമെന്ന് പറഞ്ഞത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് മാസം നാണ്ടു നിന്ന പോരാട്ടത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാപൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐജി ഹര്‍ഷിത അട്ടല്ലൂരി ഉള്‍പ്പടെയുള്ളവരായിരുന്നു കേസ് അന്വേഷിച്ചത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥക്ക് ഒപ്പമായിരുന്നു സര്‍ക്കാര്‍. അപ്പോഴും ഉറച്ച നിലപാടുമായി ജയചന്ദ്രന്‍ നീതിക്കായി പോരാടുകയായിരുന്നു. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗണ്‍സിലിങിന് വിധേയമാക്കുന്നുണ്ട്.