ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ പൊലീസുകാരിക്കാണ് ബാധ്യതയെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി അവധിക്ക് ശേഷം വീണ്ടും പരിഗണക്കാനായി മാറ്റി.
കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 25,000 രൂപ കോടതിച്ചെലവായി കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാനസിക പിന്തുണയ്‌ക്കൊപ്പ്ം നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന വിലയിരുത്തലിലായിരുന്നു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസ്സുള്ള പെണ്‍കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത തടഞ്ഞു വെച്ചത്. ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തി ഉദ്യേഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.