ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പരിഹാസവുമായി മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. “മുറുക്കിയുടുത്ത കച്ച അഴിഞ്ഞു വീണ സ്ഥിതിക്ക് ചന്തുവിനിനി വാളെടുത്ത് സ്വയം കുത്താവുന്നതാണ്.!” എന്ന് പി.കെ ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജലീലിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് എടുത്തുകാട്ടിയാണ് ഫിറോസിന്റെ പരിഹാസം.
ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്നും വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെ ടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു.
ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലായിരുന്നു എങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജരായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനം എടുത്തതെന്നായിരുന്നു ജലീലിന്റെ ആരോപണം.