കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് ‘പിഎഫ്‌ഐ’ എന്നു മുതുകില്‍ എഴുതിയ സംഭവത്തില്‍ വ്യാജപ്രചരണം നടത്തിയ ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി. സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെയാണ്
മതസ്പര്‍ധ വളര്‍ത്തുന്നതിനായുള്ള പ്രചാരണം നടത്തിയ ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പികെ ഫിറോസ് പരാതി നല്‍കിയത്.
കടയ്ക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു നടത്തിയ പ്രതികരണമാണ് പരാതിക്ക് ആധാരം. ഒരു സൈനികന്‍ ആക്രമിക്കപ്പെട്ടിട്ടും സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ ഒരു നേതാവു പോലും പ്രതികരിക്കാന്‍ തയാറായില്ലെന്ന് അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് ഇവരുടെ മൗനമെന്ന ആരോപണവും അനില്‍ ഉയര്‍ത്തി. ഇതിനിടെയാണ്, പരാതിക്കാരനായ സൈനികനും സുഹൃത്തും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് സംഭവമെന്നു പൊലീസ് കണ്ടെത്തിയത്.
രാജസ്ഥാനില്‍ ജയ്‌സല്‍മേര്‍ 751 ഫീല്‍ഡ് വര്‍ക്ഷോപ്പില്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബി.എസ്.നിവാസില്‍ ഷൈന്‍ (35) നല്‍കിയ പരാതിയാണ്, പൊലീസ് വ്യാജമാണെന്നു കണ്ടെത്തിയത്. സംഭവത്തില്‍ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷിയെയും (40) കൊല്ലം റൂറല്‍ എസ്പി എം.എല്‍.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
ശരീരത്തില്‍ പിഎഫ്‌ഐയെന്ന് എഴുതിയത് സുഹൃത്ത് ജോഷിയാണ്. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന മോഹമാണെന്ന് സുഹൃത്ത് ജോഷി മൊഴി നല്‍കി.പരാതി നല്‍കിയ സൈനികന്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരത്തില്‍ പിഎഫ്‌ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു.
ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മര്‍ദ്ദിക്കാന്‍ ആവശ്യപെട്ടുവെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറയുന്നു.
Read more
നാട്ടിലെ ഓണാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങും വഴി രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പിന്നീട് നാല് പേര്‍ കൂടിയെത്തി മര്‍ദ്ദനം തുടര്‍ന്നുവെന്നും ആയിരുന്നു കടയ്ക്കല്‍ സ്വദേശിയായ ഷൈനിന്റെ പരാതി. മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നും ഷൈന്‍ കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെ കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങി. തുടര്‍ന്ന് ജോഷി നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പിന്നാലെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.