കോണ്‍ഗ്രസ് വിട്ട് വന്നാല്‍ മുസ്ലിം ലീഗിന്റെ മുന്നണി പ്രവേശം ആലോചിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അത്തരം അജണ്ടകളോ, ചര്‍ച്ചകളോ മുസ്ലിം ലീഗില്‍ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഔദ്യോഗികമായി ലീഗിനുള്ള ക്ഷണമാണെന്ന് കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ധര്‍മ്മം. സംസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവിന് തടയിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടത്. അതാണ് സര്‍ക്കാരിന്റെ കടമ. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്റെ ശത്രുക്കളാണെന്നും, എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും, ന്യൂനപക്ഷ വര്‍ഗീയതയും ചെറുക്കണം. ലീഗിന്റെ മുഖ്യ ശത്രുക്കളായിട്ടാണ് ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ആളുകള്‍ കാലാകാലങ്ങളില്‍ വരാറുള്ളത്. ലീഗിന്റെ ഇടംപിടിക്കാന്‍ അത്തരക്കാര്‍ക്ക് കഴിയില്ല.
മതേതര കേരളത്തില്‍ ലീഗിന് ഒരു സ്ഥാനമുണ്ട്. ലീഗ് അജണ്ടയില്‍ ഒരിക്കലും ഇല്ലാത്ത കാര്യമാണ് വര്‍ഗീയതയും, തീവ്രവാദവും. അതിനെ ചെറുക്കുന്നത് ഇനിയും തുടരും. വര്‍ഗീയ ചേരിതിരിവിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുന്നണിയില്‍ സ്വീകരിക്കുമെന്നായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്. അക്കാര്യത്തില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടത്. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ട്. അതിന്റെ പ്രതികരണങ്ങള്‍ ലീഗിനുള്ളിലും കാണാം. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും ഇനി ഇടത് മുന്നണിയില്‍ വന്നേക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.