സിപിഎം പാലക്കാട് ജില്ലസമ്മേളനത്തിൽ പി.കെ ശശിക്കെതിരെ വിമർശനം. വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി നടപടി നേരിട്ട ശശിയെ വേഗത്തിൽതിരിച്ചെടുത്തത് ശരിയായില്ലെന്നാണ് വിമർശനം. കെടിഡിസി ചെയർമാൻ ആയപ്പോൾ ശശി പത്രത്തിൽ പരസ്യം നൽകിയതിനെതിരെയും വിമർശനമുണ്ടായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് പ്രധാനമായും വിമർശനമുന്നയിച്ചത്.
സർക്കാരിന്റെ പൊലീസ് സമ്പ്രദായത്തിനെതിരെയും വിമർശം ഉയർന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാവുന്നു. ഇത് തിരുത്തപ്പെടണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ.ചാമുണ്ണി മാത്രമല്ല ഇടപാടിലെ കുറ്റക്കാരൻ. ഒറ്റപ്പാലം സഹകരണബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.
അതേസമയം, പാലാക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.കെ.ശശിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ ഒമ്പത് എണ്ണത്തിൽ പി.കെ. ശശി വിഭാഗത്തിനും ആറ് ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനുമാണ് മേൽക്കൈ.