കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ ശശിയുടെ സാമ്പത്തിക തിരിമറിയുടെ തെളിവുകളുടെ രേഖകള്‍ പുറത്ത്. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകള്‍ സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പരാതിക്കാരില്‍ നിന്നും തെളിവ് ശേഖരിച്ചത്
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്‌സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തി. യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്
സ്വന്തം ഡ്രൈവര്‍ പി.കെ ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിക്ക് മുകളില്‍ വിലയില്‍ വാങ്ങിയ സ്ഥലത്തിന്റെ ആധാരം/ പോക്ക് വരവ് സര്‍ട്ടിഫിക്കറ്റുകള്‍, യൂണിവേഴ്‌സല്‍ കോളേജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ എന്നിവയും പാര്‍ട്ടി നേതൃത്വത്തിന് കൈമാറി
മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള പാര്‍ട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകള്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി കെ ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകള്‍ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി കൈമാറിയിട്ടുണ്ട്.
Read more
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്നാണ് പി.കെ.ശശിയുടെ നിലപാട്. കണക്ക് സംബന്ധിച്ച് പി.കെ.ശശിക്ക് പറയാനുള്ളതും കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏരിയ കമ്മിറ്റി നല്‍കിയ കണക്കുകളുടെ കൃത്യമായ മറുപടിക്കായി പി.കെ.ശശി ഒരാഴ്ച സാവകാശം തേടിയിട്ടുണ്ട്.