സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും പുനഃക്രമീകരണം നടത്താനും 31-ാം തിയതി വൈകിട്ട് അഞ്ചുമണി വരെയാണ് സമയമുള്ളത്.
ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ക്ലാസ്സുകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ട്രയല്‍ അലോര്‍ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ മൂലം മാറ്റിവെക്കുകയായിരുന്നു. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് പ്ലസ് വണ്‍ പ്രവേശനം വൈകാന്‍ കാരണം.
അതേസമയം സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 17ന് അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും ആരംഭിക്കുന്നതാണ്.
മാനേജ്മെന്റ്ക്വാട്ടയില്‍ ഓഗസ്റ്റ് ആറ് മുതല്‍ 20 വരെ പ്രവേശനം നടത്താം. ഓഗസ്റ്റ് 23മുതല്‍ സെപ്റ്റംബര്‍ 30 വരെ സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടക്കും. സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.