സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് 25 ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വെള്ളിയാഴ്ച്ച ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 22നാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്. നേരത്തെ 22ന് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയപരിധി നീട്ടിയതിന് പിന്നാലെ ആദ്യ അലോട്ട്‌മെന്റിന്റെ തിയതിയും മാറ്റുകയായിരുന്നു.
ഖാദര്‍ കമ്മിറ്റിയുടെ ആദ്യ ഘട്ട ശിപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കും. ദിവസ വേതന അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ അധ്യാപകരെ നിയമിക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.