പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല, ജനാധിപത്യപരമായി പ്രതിഷേധിക്കും; ഗവർണർ കീലേരി അച്ചുവായി മാറിയെന്ന് പിഎം ആർഷോ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്നും പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും വ്യക്തമാക്കിയ ആർഷോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്നും പറഞ്ഞു.

അക്കാദമിക കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നത്.സെനറ്റിൽ യൂ ഡി എഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ കൂട്ടിച്ചേർത്തു. അതേ സമയം പ്രതിഷേധക്കാരോട് സന്ധിയില്ലെന്നാണ് ഗവർണർ വീണ്ടും പ്രഖ്യാപിക്കുന്നത്.

കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തുമെന്നും ഇനിയും പുറത്തിറങ്ങുമെന്നും ​ഗവർണർ പ്രതികരിച്ചിരുന്നു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും ​ഗവർണർ പറഞ്ഞിരുന്നു.

കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ് ഗവർണറുടെ താമസം. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും.തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് ഗവർണറുടെ പ്രധാന പൊതുപരിപാടി.

ഗവർണ്ണറെ സർവ്വകലാശാലകളിൽ കയറ്റില്ലെന്ന എസ്എഫ്ഐയുടെ മുന്നറിയിപ്പിന് മറുപടി കൊടുക്കാനാണ് അദ്ദേഹം സ‍ർവ്വകലാശാലാ ഗസ്റ്റ് ഹൗസ് തന്നെ താമസത്തിന് തെരഞ്ഞെ‍െടുത്തത്. കനത്ത സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് ഗവർണ്ണർ കത്ത് നൽകിയതോടെ എസ്എഫ് പ്രതിഷേധം തടയാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വരും.

Read more

ഏതായായും സർവകലാശാലയിലെ വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 150 ലേറെ പൊലീസുകാരെ ഗവർണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.