പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കേന്ദ്രമന്ത്രിമാരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും; 15ന് തിരുവനന്തപുരത്ത് പൊതുസമ്മേളനം

ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

എന്‍ഡിഎ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ പ്രാവശ്യം മുതല്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലവും ഉള്‍പ്പെട്ടിട്ടുണ്ട്. മോദിസര്‍ക്കാരില്‍ വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടുതല്‍ ഇടപെട്ടിരുന്നത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ അവിടത്തെ വിജയ സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് പറഞ്ഞു.

കഴിഞ്ഞ തവണ മോദി വന്നപ്പോള്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശം നല്‍കുന്നതാണെന്നും വി.വി. രാജേഷ് പറഞ്ഞു.

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളില്‍ നിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നത്. കഴിഞ്ഞ ദിവസം എഞ്ചിനീയര്‍മാരുടെ പിന്തുണ നല്‍കുന്നതിന് ആയിരത്തോളം പേരുടെ സമ്മേളനം നടത്തി.

Read more

നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വിവിധ മേഖലയിലുള്ള എഞ്ചിനീയര്‍മാരുടെ പിന്തുണ പ്രഖ്യാപിക്കാനാണ് ഒത്തുകൂടിയത്. അങ്ങനെയുള്ളവരുടെ പിന്തുണ വലിയ തോതില്‍ ലഭിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നും വി.വി. രാജേഷ് പറഞ്ഞു.