ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു

ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന ചോറ്റാനിക്കരയിലെ 19 കാരി മരിച്ചു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു. എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രതി അനൂപ് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്.

ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു.

ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.

പിന്നീട് പെൺകുട്ടി ഷാളുപയോ​ഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്‍കിയ മൊഴി. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.