മാത്യു കുഴൽനാടൻ പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായെന്ന് തെളിയിച്ചാൽ രാജി ആവശ്യപ്പെടും: രാഹുൽ മാങ്കൂട്ടത്തില്‍‍

പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴൽനടൻ ഹാജരായി എന്ന് തെളിയിക്കുകയാണെങ്കിൽ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. അതേസമയം ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴൽനാടൻ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓൺലൈൻ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തില്‍‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച് ആധികാരികമായ രേഖ കോടതിയിൽ നിന്നുള്ള ഉത്തരവോ, വിധിപ്പകർപ്പോ ആണ്. അതിൽ മറ്റൊരു അഭിഭാഷകൻ്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാൻ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കൾ എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ചാനൽ ചർച്ചയിൽ ഞാൻ പറഞ്ഞൊരു കാര്യത്തെ കുറിച്ച് രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയ സ്പെയ്‌സിൽ സഖാക്കൾ വലിയ ചർച്ചയാണല്ലോ…

അതിന് മറുപടി പറയാമെന്നു കരുതി.

പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴൽനടൻ “ഹാജരായി” എന്ന സിപിഎം വാദത്തോട്, അങ്ങനെ “മാത്യു കുഴൽനാടൻ ഹാജരായി” എന്ന് തെളിയിക്കുകയാണെങ്കിൽ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന എന്റെ അഭിപ്രായം സത്യം തന്നെയാണ്. ഞാൻ ഇന്നും അതിൽ ഉറച്ചു നിൽക്കുന്നു, വീണ്ടും ആ നിലപാട് ആവർത്തിക്കുന്നു.

ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴൽനാടൻ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓൺലൈൻ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഞാൻ ഈ പോസ്റ്റിനോപ്പം കോടതി ഉത്തരവ് കൂടി പങ്ക് വക്കുകയാണ്. ആരാണ് ചർച്ചക്ക് കാരണമായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് എന്നതിന്റെ തെളിവാണിത്. ഇതിൽ മാത്യു കുഴൽനാടൻ എന്നാണോ കാണുന്ന പേര്?

ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച് ആധികാരികമായ രേഖ കോടതിയിൽ നിന്നുള്ള ഉത്തരവോ, വിധിപ്പകർപ്പോ ആണ്. അതിൽ മറ്റൊരു അഭിഭാഷകൻ്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാൻ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കൾ.

ഒരിക്കൽ കൂടി പറയുന്നു.

മാത്യു കുഴൽനാടനാണ് ഹാജരായത് എന്ന വാദം തെളിയിക്കുന്ന രേഖ കാണിക്കൂ. അതിന് കഴിയാത്ത പക്ഷം ഞാൻ പങ്ക് വച്ച രേഖ പ്രകാരം മാത്യു കുഴൽനാടനല്ല ഹാജരായത് എന്ന സത്യം നിങ്ങൾ അംഗീകരിക്കണം.

വീണ്ടും വീണ്ടും നുണകൾ പറഞ്ഞാലോ, എന്നെ പരിഹസിച്ചാലോ, “കോപ്പി പേസ്റ്റ് ” കമൻ്റിട്ടാലോ സത്യം സത്യമല്ലാതാകുന്നില്ല.

നിങ്ങൾക്ക് ആശ്വാസം നൽകുന്നത് ഇത്തരം സൈബർ ഇടങ്ങളിലെ നുണ പ്രചാരണങ്ങളും,വസ്തുത വളച്ചൊടിക്കൽ പരിപാടികളുമാണെങ്കിൽ അത് തുടർന്നോളൂ.

സഖാക്കളുടെ നിലവാരത്തിലേക്ക് ഇറങ്ങി ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ ശൈലി ശീലിച്ചിട്ടില്ലാത്തത് കൊണ്ട് സത്യമെന്ന് തോന്നുന്നതെ പറയാറുള്ളൂ. അതിൽ ധാർമികതയുടെ അംശമുണ്ട്. അത് കൊണ്ട് കുപ്രചാരണങ്ങൾക്കിടയിലും പറഞ്ഞതിൽ ഉറച്ചു നിൽക്കാൻ കഴിയുന്നു. അതാണ്‌ നിങ്ങളുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.