ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ റോയ് വയലാറ്റിനെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേസില്‍ ഇന്ന് കീഴടങ്ങിയ രണ്ടാം പ്രതി സൈജു തങ്കച്ചനെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് നല്‍കി.
ഇന്നലെ രാവിലെ മട്ടാഞ്ചേരി എസിപി ഓഫീസില്‍ എത്തി റോയി കീഴടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം റോയിയുടെ വീട്ടിലും ഹോട്ടലിലും എല്ലാം പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്.
കേസില്‍ റോയിയുടെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രിംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. സൈജു തങ്കച്ചന്‍ പിടിയിലായിട്ടില്ല. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചു എന്ന് കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ കേസ് അന്വേഷിച്ച സംഘത്തിന് കൈമാറുകയായിരുന്നു.