ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിലെ ചില വകുപ്പുകളിൽ സംശയം പ്രകടിപ്പിച്ച് കോടതി. പ്രതി അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ ഐപിസി 376 ലെ ചില ഉപവകുപ്പുകൾ നിലനിൽക്കുമോയെന്നാണ് എറണാകുളം പോക്സോ കോടതി സംശയം ഉന്നയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതി അസ്ഫാക് ആലത്തിനുമേൽ ചുമത്തിയ കേസുകൾ നിലനിൽക്കുമോ എന്നതിൽ പ്രാഥമിക വാദം കേട്ടിരുന്നു. വിചാരണയുടെ ഭാഗമായി പ്രതി അസ്ഫാക് ആലത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ബലാത്സംഗത്തിനിടെയുള്ള പരുക്കാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഡോക്ടറുടെ മൊഴി കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
15 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം.
കേസിൽ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിട്ടുണ്ട്. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷാ സാഹായം നൽകാനും തീരുമാനമായിട്ടുണ്ട്. വിചാരണ ഒക്ടോബർ നാലുമുതൽ ആരംഭിക്കും. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ പ്രതി അസ്ഫാക് ആലം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച്കൊലപ്പെടുത്തിയത്.