പോക്‌സോ കേസ്: അഞ്ജലി റിമാ ദേവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലുമായി അഞ്ജലി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ജാമ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് എത്തിയപ്പോഴും ബുധനാഴ്ചയുമാണ് അഞ്ജലിയെ ചോദ്യം ചെയ്തത്. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഹാജരാകാനാകുന്നില്ല എന്നാണ് അനേഷണ സംഘത്തിന് നല്‍കിയ മൊഴി.

കേസില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അഞ്ജലി രംഗത്തെത്തിയിരുന്നു. ഒരു എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറ് പേര്‍ നടത്തിയ ഗൂഢാലോചനയാണ് പോക്സോ കേസിന് പിന്നിലെന്നാണ് ആരോപണം. എംഎല്‍എയുടെ ഓഫീസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദ്യം ചെയ്തതാണ് ഇത്തരത്തില്‍ തന്നെ കുടുക്കാന്‍ കാരണം. ആരാണ് എംഎല്‍എ എന്ന് വെളിപ്പെടുത്തിയില്ല.

അഞ്ജലി ഇന്നലെ രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഒന്നാം പ്രതി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും, രണ്ടാം പ്രതി സൈജു തങ്കച്ചനുമാണ്. ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 ഒക്ടോബര്‍ 20-ന് ഹോട്ടലില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.