കാന്‍സര്‍ വേദന സംഹാരി മരുന്നുകളെ ലഹരിമരുന്ന് പട്ടികയിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേരള പൊലീസും എക്‌സൈസും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷന്‍ സ്ലേറ്റ് നടപ്പാക്കി ശക്തമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസും എക്‌സൈസും ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കുന്നത്. കാന്‍സര്‍ രോഗികളുടെ തീരാ വേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്ന വേദനസംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ദുരുപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് കാന്‍സര്‍ വേദന സംഹാരികള്‍ ലഹരി മരുന്ന് പട്ടികയിലേക്ക് ഉള്‍പ്പെടുത്താനുള്ള സാധ്യത പൊലീസ് സന്നാഹം ആരായുന്നത്.
കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഇന്ന് ചേര്‍ന്ന പോലീസ്- എക്സൈസ് സംയുക്ത യോഗത്തിലാണ് തീരുമാനമായത്. കാന്‍സര്‍ വേദന സംഹാരി മരുന്നുകള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ചെറുപ്പക്കാര്‍ വ്യാപകമാക്കിയതായി കണ്ടെത്തിയതോടെയാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനത്തിലേക്ക് ക്രമസമാധാന സംവിധാനമെടുത്തത്. നിര്‍ദേശം ആരോഗ്യവകുപ്പിനെ അറിയിച്ച് നടപടികളിലേക്ക് കടക്കാനാണ് പൊലീസ്- എക്‌സൈസ് തീരുമാനം. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
ചെറുപ്പാക്കാര്‍ ഡ്രഗ് അബ്യൂസിന് ഉപയോഗിക്കുന്ന കാന്‍സര്‍ വേദന സംഹാരികള്‍ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വഴി വ്യാപകമായി വില്‍ക്കുന്ന മരുന്നുകളാണ്. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വേട്ട ശക്തമാക്കിയ സാഹചര്യത്തിലാണ് മരുന്നുകള്‍ ലഹരിയ്ക്കായി യുവാക്കള്‍ ഉപയോഗിക്കുന്ന കാര്യവും സജീവ ചര്‍ച്ചയായത്. കൊല്ലം റൂറല്‍ എസ്പി കിരണ്‍ നാരായണന്‍, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥാരാണ് കാന്‍സര്‍ വേദനസംഹാരി മരുന്നുകളുടെ കാര്യം ചര്‍ച്ചയില്‍ കൊണ്ടുവന്നത്.
വേദന സംഹാരികള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കാന്‍ ഈ മരുന്നുകളെ അബ്കാരി നിയമത്തിന്റെ കീഴിലുള്ള ലഹരിമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടറിന്റെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ കഴിയില്ല. ഡോക്ടറുടെ കുറുപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഈ മരുന്നകള്‍ പിന്നെ വില്‍ക്കാനാവില്ല. ഇതോടെ ഈ മരുന്നുകള്‍ കൃത്യമായ രേഖകളില്ലാതെ വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാകും. കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്സൈസിനും ലഭിക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനാണ് ഈ തീരുമാനം. ഇതിന് പിന്നാലെ സംസ്ഥാന വ്യാപക റെയ്ഡ് തുടര്‍ന്നുണ്ടാകും.
ഇതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് ഉടന്‍ ചെയ്യും. കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും യോഗം ചേരണമെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.