കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണം പൊലീസ് അടിച്ചുമാറ്റുന്നു; പൊലീസിനെതിരെ വീണ്ടും ആരോപണവുമായി പിവി അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി എഴുതി നല്‍കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. നിലവില്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പി ശശിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പി ശശിയ്‌ക്കെതിരായുള്ള പരാതി പാര്‍ട്ടി സെക്രട്ടറിയ്ക്ക് എഴുതി നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

അതേസമയം പിവി അന്‍വര്‍ എംഎല്‍എ പൊലീസിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിക്കുന്നുണ്ട്. എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിവി അന്‍വര്‍ പറയുന്നു. ബാസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിലും ജനങ്ങള്‍ക്കിടയിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാന്‍ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോണ്‍ കൈക്കലാക്കാന്‍ എത്തിയ സംഘം സംഘര്‍ഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താന്‍ സംശയിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസിന് പങ്കുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്പിയാണ് മലപ്പുറത്തെന്നും എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാന്‍ അനുവദിക്കുന്നതെന്നും തനിക്ക് മനസിലായി. രാത്രി പത്ത് മണി കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്.

Read more

പൊലീസിന്റെ ഈ ഉത്തരവ് കള്ളക്കടത്തുകാരെ സഹായിക്കാനാണ്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമാണ് കരിപ്പൂര്‍. കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.