ഉത്തർപ്രദേശിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിന്റെ കാലിലും കൈയിലും പൊലീസ് ആണി തറച്ചു കയറ്റിയെന്ന വാർത്ത പുറത്തു വന്നിരുന്നു. സംഭവത്തിൽ യുവാവിന്റെ അമ്മ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി. ബറേലിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
അതേസമയം ഈ വാർത്ത ശരിയായിരിക്കരുതേ എന്നാണ് തന്റെ ആശ എന്ന് കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. ഭരണകൂടങ്ങൾ പൊലീസിനെ ഏല്പിക്കുന്ന അധികാരങ്ങൾ, ഗൗരവമായി, എന്നാൽ സൗമ്യതയോടെയും സമചിത്തതയോടെയും സഹായ മനസ്ഥിതിയോടെയുമാണ് പൊലീസുകാർ എല്ലായിടത്തും നടപ്പാക്കേണ്ടത്. അല്ലാതെ അധികാരത്തിൽ ഉന്മാദരായി ജനങ്ങളുടെ മേൽ കുതിര കയറാനും ക്രൂരത കാട്ടാനും മുതിരുന്നത് ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ പരാജയമാണ്. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു.
വീടിനു പുറത്തുള്ള റോഡുവക്കിൽ ഇരിക്കുകയായിരുന്ന മകനെ മാസ്ക് ധരിക്കാത്തിനെ തുടർന്ന് പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് അമ്മ പരാതിയിൽ പറയുന്നത്. താൻ അവിടെ അന്വേഷിച്ചെത്തിയപ്പോൾ മകൻ സ്ഥലത്തില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റൊരിടത്തുനിന്നു മകനെ കണ്ടെത്തി. കൈയിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു എന്നുമാണ് അമ്മ പറയുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം ബറേലി പൊലീസ് നിഷേധിച്ചിരിക്കുകയാണ്.
ജേക്കബ് പുന്നൂസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:
“ഇതുശരിയായിരിക്കരുതേ!” എന്നാണെന്റെ ആശ.
വൈറസിനെ ഭയന്ന് സ്തംഭിച്ചു ലോകം.. ഉറപ്പായ ചികിത്സയില്ലെന്നു വൈദ്യന്മാർ..
മരണം ഭയക്കുന്ന പൊതുജനം…
മറ്റു വഴിയൊന്നുമില്ലാതെ രോഗവ്യാപന നിയന്ത്രണം പൊലീസിനെ ഏല്പിക്കുന്ന ഭരണകൂടങ്ങൾ…
അങ്ങനെ ലഭിക്കുന്ന അധികാരങ്ങൾ, ഗൗരവമായി, എന്നാൽ സൗമ്യതയോടെയും സമചിത്തതയോടെയും സഹായമനസ്ഥിതിയോടെയുമാണ്
പൊലീസുകാർ എല്ലായിടത്തും നടപ്പാക്കേണ്ടത്..
അല്ലാതെ അധികാരത്തിൽ ഉന്മാദരായി ജനങ്ങളുടെ മേൽ കുതിര കയറാനും ക്രൂരത കാട്ടാനും മുതിരുന്നത് ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ പരാജയമാണ്. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തിൽ അത്യാവശ്യം.