പൊലീസ് പരിശോധന, വാങ്ങിയ മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനായി വിദേശ പൗരൻ

കോവളത്ത് പൊലീസ് പരിശോധനയെ തുടർന്ന് ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനായി വിദേശ പൗരൻ. താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്നവഴിയാണ് പൊലീസ് പരിശോധന നടന്നത്. പൊലീസ് ബാഗ് പരിശോധിച്ച് വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു . കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു. മാധ്യമപ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണനാണ് സംഭവം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോവിഡ് ലോക്ക്ഡോണിന്റെ പേരിൽ ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ നേരത്തെയും ശ്രീജൻ ബാലകൃഷ്ണൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് റിക്‌സൺ എടത്തിൽ ആണ് ദൃശ്യങ്ങൾ പകർത്തിയത്.

ശ്രീജൻ ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അല്പം മുൻപ് കോവളത്ത് നടന്നത്. വിദേശിയാണ്. താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്നു. പോലീസ് ബാഗ് പരിശോധിച്ചു. ബില്ല് ചോദിച്ചു. കടയിൽ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു. കൊണ്ടുപോകാൻ പറ്റില്ലെന്ന് പോലീസ് ശഠിക്കുന്നു. മദ്യം അദ്ദേഹം കളയുന്നു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗിൽ ഇടുന്നു. കാമറ കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി കളയണ്ടെന്ന് പോലീസ് പറയുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങി വരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിഥി.

കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. Kerala Tourism പിരിച്ചുവിടുന്നതാവും നല്ലത്. സംരംഭകർക്ക് എത്രയും വേഗം വേറെ പണി നോക്കാമല്ലോ.

സുഹൃത്തും സഹജീവിയുമായ Rickson Edathil പകര്തിയ ദൃശ്യങ്ങൾ
#nomorelockdowns

Read more