കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന പരാതി വ്യാജം. പരാതിക്കാരനായ ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്ന് പണമ കളവുപോയെന്നായിരുന്നു പരാതി.
ബുധനാഴ്ചയാണ് കാറിൽ നിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് റഹീസ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. കാറിൻ്റെ ഗ്ലാസ് തകർത്താണ് പണം കവർന്നതെന്നും ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമാണ് റഹീസ് പറഞ്ഞത്. ബോണറ്റിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനേത്തുടർന്ന് ചില സംശയങ്ങളും പൊലീസിന് തോന്നി. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പരാതിക്കാരൻ പോലീസിന് നൽകിയിരുന്നില്ല. പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദ്യശ്യം. ലഭിച്ചിരുന്നു.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് റഹീസിനുൾപ്പെടെ കവർച്ചയിൽ പങ്കുണ്ടെന്ന് വ്യക്തമായത്. ഭാര്യാപിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. അതേസമയം, പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസിന് സംശയങ്ങളുണ്ട്. കള്ളപ്പണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.