നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ച് പോയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍. കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍ അര്‍ച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലായിരുന്ന ഏഴ് മണിക്കൂര്‍ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും അര്‍ച്ചന പറയുന്നു.
മൗലികാവകാശം സംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അര്‍ച്ചന കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ഡിസംബര്‍ 18ന് രണ്ടാലുംമൂട്ടില്‍ ഭര്‍തൃമാതാവിനൊപ്പമാണ് അര്‍ച്ചന നവകേരള യാത്ര കാണാന്‍ എത്തിയത്. ഭര്‍തൃ മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം നടത്തിയതായി യുവതി ആരോപിക്കുന്നു.
ബിജെപി പ്രാദേശിക നേതാവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. നവകേരള ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അര്‍ച്ചന പറയുന്നു. രാവിലെ 11.30ഓടെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ വൈകിട്ട് 6.30ഓടെയാണ് വിട്ടയച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി പൊലീസ് തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.