മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിഴിഞ്ഞില്ല. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും.

സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് നേരത്തെ മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കുടുംബത്തിനെതിരെയുള്ള സൈബർ ആക്രമണത്തിൽ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞിരുന്നു. അര്‍ജുന്‍റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.