ലൊക്കേഷനില്‍ നടി വിന്‍സി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കാന്‍ കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുതാരങ്ങളുടെയും മൊഴികള്‍ ഐസിസി രേഖപ്പെടുത്തിയിരുന്നു.
ഇരുവരും നേരിട്ട് ഹാജരായാണ് മൊഴി നല്‍കിയത്. ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പമാണ് മൊഴി നല്‍കാനെത്തിയത്. എന്നാല്‍ ഷൈനിനെതിരെ നിലവിലുള്ള ലഹരി കേസില്‍ പൊലീസിന് ഇതുവരെ ശക്തമായ കണ്ടെത്തലുകളോ നിര്‍ണായകമായ തെളിവുകളോ ലഭിച്ചിട്ടില്ല. ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും റിപ്പോര്‍ട്ട് ഇനിയും ലഭിക്കേണ്ടതുണ്ട്.
ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നതിന് മുന്‍പ് ആന്റി ഡോട്ട് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ മറുമരുന്ന് എടുത്ത ശേഷമാണ് ഷൈന്‍ ഹാജരായിട്ടുള്ളതെങ്കില്‍ വൈദ്യപരിശോധന ഫലത്തില്‍ പൊലീസിന് തിരിച്ചടി നേരിടും. പരിശോധന ഫലത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയാലും പൊലീസിന് മുന്നിലുള്ള വെല്ലുവിളി ചെറുതല്ല.
ഷൈന്‍ ഉപയോഗിച്ച ലഹരി വസ്തു ഏതാണ്, എപ്പോഴാണ് ഉപയോഗിച്ചത്, തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കില്‍ തുടര്‍നടപടികള്‍ക്ക് ഇത് വീണ്ടും തിരിച്ചടിയാകും. കേസില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട മൊഴിയെടുപ്പ് അടക്കമുള്ള കാര്യങ്ങളുമായി പൊലീസിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ.
ലഹരി കേസില്‍ താരത്തിനെതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഷൈന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈന്‍ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഷൈന്‍ മൊഴി നല്‍കിയിട്ടില്ലെന്നും പുട്ട വിമലാദിത്യ പറഞ്ഞിരുന്നു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിലാണ് ജാമ്യം. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ഷൈനെ വിട്ടയയ്ക്കുകയായിരുന്നു.
Read more
മൂന്ന് വകുപ്പുകള്‍ ഷൈനിനെതിരെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.