പാലക്കാട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിലവിലെ പൊലീസ് കേസ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ദേശീയവാദികള്‍ക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകള്‍ നടത്തിയാല്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന പാലക്കാട്ടെ എംഎല്‍എയ്ക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നു.