എം.ജി സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മറുപരാതിയുമായി എസ്എഫ്ഐ.സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവർത്തകർ അപമര്യാദയായി പെരുപമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ച് എസ്എഫ്ഐ പൊലീസിൽ പരാതി നൽകി. പരാതിയിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മറുപരാതിയെന്ന് എഐഎസ്എഫ് വ്യക്തമാക്കി. തങ്ങൾ നൽകിയ കേസിനെ പ്രതിരോധിക്കാൻ മാത്രമാണ് എസ്എഫ്ഐ നേതാക്കളുടെ പരാതിയെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് ആരോപിച്ചു. എന്താണ് നടന്നതെന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാകും. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്എഫ്ഐ പരാതി നൽകുന്നത്.
എഐഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചതും വനിതാ പ്രവർത്തകയെ കടന്നു പിടിച്ചതും എസ്എഫ്ഐക്കാർ ഇപ്പോഴാണോ അറിഞ്ഞത്. കയറി പിടിച്ചതായി പരാതി നൽകിയത് ആ പെൺകുട്ടിയെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നും നന്ദു ജോസഫ് പരിഹസിച്ചു. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്നും ബലാത്സംഗഭീഷണി മുഴക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നുമാണ് എഐഎസ്എഫ് പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിലുള്ള പോരിൽ സിപിഐ നേതാക്കൾ ഇപ്പോഴും മൗനം തുടരുകയാണ്. സിപിഐയിൽ എഐഎസ്എഫിന്റെ സംഘടനാ ചുമതലയുള്ള റവന്യൂ മന്ത്രി കെ.രാജൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. വിഷയം എഐഎസ്എഫ് നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാൽ പരാതിയുമായി ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് എഐഎസ്എഫ് ജില്ലാ – സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം.
ഇതിനിടെ വിഷയത്തിൽ മൗനം പാലിക്കുന്ന സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി,ഡി സതീശൻ രംഗത്തെത്തി. തങ്ങളുടെ മകളെ പോലെ സംരക്ഷിക്കേണ്ട വനിതാ പ്രവർത്തകയോട് ഇത്രയും അപമര്യാദയായി എസ്എഫ്ഐ പ്രവർത്തകർ പെരുമാറിയിട്ടും എങ്ങനെയാണ് സിപിഐ നേതാക്കൾക്ക് നിശബ്ദരായി ഇരിക്കാൻ സാധിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
കൊടിയിൽ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നെഴുതി പാവപ്പെട്ട ചെറുപ്പക്കാരെ തല്ലുന്ന പരിപാടി എഐഎസ്എഫിന് ഇല്ലെന്നും സമര ചരിത്രമുള്ള സംഘടനയാണ് തങ്ങളുടേതെന്ന് ഓർക്കണമെന്നും സതീശന്റെ വിമർശനത്തിന് പിന്നാലെ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു പ്രതികരിച്ചു.