സ്വര്‍ണക്കടത്ത് കേസിലെ പൊലീസ് ബുദ്ധിയും എഡിജിപിയുടേത്; കോവിഡ് കാലത്ത് സ്വപ്‌ന സുരേഷ് ചെക്ക്‌പോസ്റ്റുകളില്‍ പെടാതിരുന്നതിന് പിന്നില്‍ അജിത്കുമാറെന്ന് വെളിപ്പെടുത്തല്‍

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും ഡിജിപിയും കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലും അജിത്കുമാറിന്റെ സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസിലെ പ്രതിയായ സരിത്ത് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ബംഗളൂരിവിലേക്ക് കടക്കാന്‍ സഹായിച്ചത് എംആര്‍ അജിത്കുമാര്‍ ആയിരുന്നുവെന്നാണ് സരിത്തിന്റെ ആരോപണം. സരിത്തിന്റെ ആരോപണം സ്വപ്‌ന സുരേഷും ശരിവച്ചു. അജിത് കുമാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ശിവശങ്കര്‍ അറിയിച്ചിരുന്നതായും സരിത്ത് പറഞ്ഞു.

നേരത്തെ തന്നെ കോവിഡ് കാലത്ത് പൊലീസ് പരിശോധന മറികടന്ന് സ്വപ്‌ന സുരേഷ് ബംഗളൂരുവിലേക്ക് പോയത് പൊലീസില്‍ നിന്ന് ഉന്നത ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ആണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍.

അജിത്കുമാര്‍ നല്‍കിയ റൂട്ട് അനുസരിച്ച് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയതായും സരിത്ത് ആരോപിക്കുന്നു. ചെക്ക്‌പോസ്റ്റുകളിലുണ്ടായ ഉന്നത ഇടപെടലിന് പിന്നില്‍ എഡിജിപി അജിത്കുമാര്‍ ആണെന്നും സ്വപ്‌ന സുരേഷും വെളിപ്പെടുത്തുന്നു. ശിവശങ്കറിന് പൊലീസില്‍ നിന്ന് സഹായം നല്‍കിയതും അജിത്കുമാര്‍ ആണെന്നാണ് സ്വപ്‌നയുടെ ആരോപണം.