പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്മാരെ കണ്ടെത്തി ഉടന്‍ തിരികെ അയയ്ക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട്ട് പാക് പൗരത്വമുള്ള നാല് പേര്‍ക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി.
പൊലീസ് നല്‍കിയ നോട്ടീസില്‍ 27ന് മുമ്പ് രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന പാക് പൗരന്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. രേഖകള്‍ പരിശോധിച്ചായിരിക്കും തുടര്‍ നടപടികള്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊയിലാണ്ടിയില്‍ താമസിക്കുന്ന പുത്തന്‍പുര വളപ്പില്‍ ഹംസ, വടകര സ്വദേശികളായ രണ്ടുപേര്‍, പെരുവണ്ണാമൂഴി സ്വദേശി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
പാകിസ്ഥാനില്‍ നിന്ന് വന്ന് ഏറെക്കാലമായി നാട്ടില്‍ കഴിയുന്ന ഇവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതില്‍ കൊയിലാണ്ടി സ്വദേശി ഹംസ, ചായക്കച്ചവടത്തിനായി 1965ല്‍ ജ്യേഷ്ഠനൊപ്പം കറാച്ചിയിലേക്ക് പോയതായിരുന്നു 2007 ല്‍ കേരളത്തില്‍ തിരിച്ചെത്തി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
താത്കാലിക വിസയിലാണ് കേരളത്തില്‍ തുടരുന്നത്. ഈ മാസം 27ന് മുന്‍പ് രാജ്യം വിടണമെന്ന് കാണിച്ചാണ് കൊയിലാണ്ടി പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കി. വടകര സ്വദേശി ഖമറുന്നിസ, സഹോദരി അസ്മ എന്നിവര്‍ക്കും രാജ്യം വിടണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മലയാളിയായ ഇവരുടെ പിതാവ് കറാച്ചിയില്‍ ബിസിനസുകാരനായിരുന്നു.
Read more
1992ലാണ് ഇവരുവരും ഇന്ത്യയിലേക്ക് മടങ്ങിയത്. ഒരു പെരുവണ്ണാമുഴി സ്വദേശിക്കും നോട്ടീസ് ലഭിച്ചു. ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നോട്ടീസ് ലഭിച്ചവരുടെ തീരുമാനം.