ഹൗസ് സർജൻ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, രണ്ട് എഎസ്ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടേതാണ് നടപടി.
വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്നും അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നുമാണ് റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ട്.
അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ഇവർ ലംഘിച്ചെന്നുമാണ് കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സൽപ്പേരിന് കളങ്കമായെന്നും വിമർശനമുണ്ട്. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.