കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് പരാതി; 'മറുനാടന്‍ മലയാളി' എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തു

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ‘മറുനാടന്‍ മലയാളി’ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മറുനാടന്റെ യുട്യൂബ് ചാനലില്‍ വര്‍ഗീയ സ്വഭാവമുള്ള വാര്‍ത്ത നല്‍കിയെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

കുമരകം പൊലീസാണ് ഷാജനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധവളര്‍ത്തുന്ന പ്രചാരണത്തിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി. കളമശേരി സ്ഫോടനം ഹമാസ് അനുകൂല സ്ഫോടനമാണെന്നും ഇസ്രായേല്‍ വിരുദ്ധ സ്ഫോടനമാണെന്നുമായിരുന്നു മറുനാടന്‍ നല്‍കിയ വാര്‍ത്ത. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ, കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നുള്ള കെപിസിസി അടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സൈബര്‍ സെല്‍ എസ്ഐയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.കളമശേരിയില്‍ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസും അതിനു കൂട്ടു നില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ബോംബു പൊട്ടിയപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു.

Read more

സമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വര്‍ഗീയവാദി, വിഷം ചീറ്റല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ മുഖ്യമന്ത്രി നിര്‍ത്തണം. മുഖ്യമന്ത്രിയുടെ കഴിവുകേടിനെയും അഴിമതിയെയും പ്രീണന രാഷ്ട്രീയത്തെയും മറയ്ക്കാനുള്ള മറയാണ് ആ പ്രയോഗങ്ങളെന്നും കേന്ദ്രമന്ത്രി പറഞ്ഞു.