കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയുടേയും മക്കളുടേയും മരണത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. ഭർത്താവ് നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമാണ് ഷൈനിയും മക്കളും ജീവനൊടുക്കിയതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നതായും നോബിയുടെ സംസാരം ഷൈനിയെ സമ്മർദത്തിലാക്കിയെന്നും പൊലീസ് പറഞ്ഞു.
ട്രെയിന് മുന്നിൽ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്. നോബിയുടെ ഫോൺകോൾ ആണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. വാട്സ് ആപ്പിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തി. ‘നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ എന്നാണ് നോബി ചോദിച്ചത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ കഴിഞ്ഞ മാസം വെള്ളിയാഴ്‌ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത്(11), ഇവാന മരിയ(10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷൈനി. ഭർത്താവ് നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞ ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം.
മരിച്ച അലീനയും ഇവാനയും തെല്ലകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. സംഭവ ദിവസം പുലർച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്നുള്ള വിവരവും പുറത്ത് വന്നിരുന്നു.