കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരേ മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ക്കുകയും വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ശൗചാലയം തല്ലിത്തകര്‍ക്കുകയും ഒടുവില്‍ ഭിത്തിയില്‍ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് എഴുതി വയ്ക്കുകയും ചെയ്തിരിക്കുകയാണ് അക്രമി.
പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.
രണ്ടാഴ്ച മുമ്പ് സംഭവസ്ഥലത്ത് മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീട് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് പ്രതികളുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്നുമാണ് പൊലീസ് പറയുന്നത്.
രാത്രിയായാൽ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറയുന്നു. മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചുനീക്കി. ഇതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയുംചെയ്തു.