വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് പൊലീസ് അധഃപതിക്കരുത്: സി.പി.ഐ മുഖപത്രം

സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇന്‍സ്പെക്ടറുടെ പേരു വന്നത് യാദൃച്ഛികമായി കാണാന്‍ കഴിയില്ല എന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു.

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ മരിക്കാനിടയായ സംഭവം, മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവ ഉള്‍പ്പെടെ ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളിലും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലാണ്. കടുത്ത വിമര്‍ശനങ്ങളാണ് പൊലീസും സര്‍ക്കാരും നേരിടേണ്ടി വരുന്നത്. കൃത്യനിര്‍വഹണത്തില്‍ ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍, നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍, അനധികൃത സ്വത്ത് സമ്പാദനം എന്നിങ്ങനെ പല തരത്തിലുള്ള ആരോപണങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്നത് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അധഃപതിക്കാന്‍ അനുവദിക്കരുത്. പൊലീസിന്റെ ഇത്തരം ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നത് ഖേദകരമാണ്. നിയമവാഴ്ച ഉറപ്പു വരുത്താനും സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിര്‍ത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നും സിപിഐയുടെ മുഖപത്രം പറയുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ പുറത്തുവിട്ട ‘സ്മാര്‍ട്ട് പൊലീസ് ഇന്‍ഡക്‌സി’ല്‍ കേരള പൊലീസ് രാജ്യത്തെ നാലാമത്തെ മികച്ച പൊലീസ് സേനയായി വിലയിരുത്തിക്കൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത്. ഗവേഷണങ്ങളിലൂടെയും നയപരമായ പിന്തുണ നല്കിയും തൊഴില്‍പരമായ പ്രാപ്തി ഉയര്‍ത്തിയും പരിഷ്‌കാരങ്ങള്‍ വഴിയും പൊലീസിന്റെ പ്രവര്‍ത്തനമികവ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമാണ് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷനെ നയിക്കുന്നത്. സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസ് രംഗത്തെ പ്രമുഖര്‍, നിയമജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതും നയിക്കുന്നതുമാണ് ഐപിഎഫ്. അവരുടെ വിലയിരുത്തല്‍ അനുസരിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ നാലാമതാണ് കേരള പൊലീസ് സൂചികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശും കേരളവും തമ്മില്‍ കേവലം 0.22 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.

കേരളത്തിലെ പൊലീസ് പൊതു ജീവിതത്തിലും മാധ്യമ വ്യവഹാരത്തിലും തുടര്‍ച്ചയായി നേരിടുന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഐപിഎഫ് സ്മാര്‍ട്ട് പൊലീസ് സൂചിക പരാമര്‍ശ വിധേയമാകുന്നത്. ഐപിഎഫിന്റെ പഠനം മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലിലും രാജ്യത്തെ മികച്ച പൊലീസ് സേന എന്ന ബഹുമതി തുടര്‍ച്ചയായി കരസ്ഥമാക്കാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പൊലീസിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ കേരള പൊലീസിനെ ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എന്ന നിലയില്‍ വേറിട്ടു നിര്‍ത്തുന്നു. എന്നാല്‍ എത്ര രുചികരമായി പാകം ചെയ്ത പാല്‍പ്പായസവും അപ്പാടെ വിഷലിപ്തമാക്കാന്‍ ഒരു തുള്ളി വിഷം മതിയാവും. കേരള പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ വന്‍ രാഷ്ട്രീയ വിവാദമാവുകയും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നു എന്നത് ഖേദകരമാണ്.

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പില്‍ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥന്‍ മറ്റൊരു യുവതിയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ വിവരശേഖരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത കേസില്‍ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും 17 കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടില്‍ കൊണ്ടുവരുവിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ സംഭവവും വന്‍ വിവാദമായി. ഇയാളെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ചുമതലയുണ്ടായിരുന്ന എസ്പി റിപ്പോര്‍ട്ട് നല്കിയതായും വാര്‍ത്ത ഉണ്ടായിരുന്നു.

ഇവയടക്കം കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും തൊഴില്‍പരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാള്‍ക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് അപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയുമാണ് തുറന്നുകാട്ടുന്നത്. ഇത്തരക്കാര്‍ കേരള പൊലീസിന്റെ സല്‍പേരിനു മാത്രമല്ല ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം ‘വേലി വിളവു തിന്നുന്ന’ സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിച്ചുകൂട. കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ മരിക്കാനിടയായ സംഭവം, മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് എന്നിവയിലുള്‍പ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയത്തിന്റെ നിഴലിലാണ്. അത്തരം സംഭവങ്ങളും വിവാദങ്ങളും ആവര്‍ത്തിക്കുന്നത് നിയമവാഴ്ചയെപ്പറ്റിയും സുരക്ഷിതത്വത്തെപറ്റിയും പൗരജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നു. സമൂഹത്തിന്റെ ഉത്ക്കണ്ഠകള്‍ ദുരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിര്‍ത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ