പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൗത്യത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നിടയിലാണ് പൊലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. മാനന്തവാടി എസ്എച്ച് അഗസ്റ്റിൻ ആണ് പ്രതികരണം തടസപ്പെടുത്തിയത്.
മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെത്തി തടഞ്ഞത്. എന്താണ് നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.
Read more
അതേസമയം കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചു. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് ഡിഎഫ്ഒ പറഞ്ഞു. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും വിശദീകരിച്ചു.