പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആശ്രമം തീവെപ്പ് കേസില്‍ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാമി സന്ദീപാനന്ദഗിരി സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രതികരണവുമായാണ് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും വാഹനം താനാണ് കത്തിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ആര്‍എസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ആരൊക്കെയാണ് സംഭവത്തിന് പിന്നിലെന്ന് അറിയില്ലെന്നും പ്രതികളെ പലരും സഹായിച്ചെന്നും സ്വാമി സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു. പൊലീസിലെ തന്നെ ആര്‍എസ്എസ് സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളത്. മുഖ്യമന്ത്രിയെയും ഇക്കൂട്ടര്‍ തെറ്റിദ്ധരിപ്പിച്ചതായും സന്ദീപാനന്ദഗിരി പറഞ്ഞു.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിലാണ് എല്ലാം പുറത്തുവന്നതെന്നും സന്ദീപാനന്ദ വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ പൊലീസിന് നേരെ ആരോപണവുമായി പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ച വ്യക്തിയായിരുന്നു സന്ദീപാനന്ദഗിരിയെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് സന്ദീപാനന്ദയുടെ ആശ്രമത്തിന് തീവച്ചതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചു. സന്ദീപാനന്ദ ഗിരി തന്നെയാണ് വാഹനം കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കല്‍ കേസ് വഴി തിരിച്ചുവിട്ടതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.