Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ആലഞ്ചേരിക്കെതിരെ ചുമത്തിയിരിക്കുന്നത് വഞ്ചന, ചതി, ഗൂഢാലോചന കുറ്റങ്ങള്‍; എഫ്‌ഐആറിന്റെ പകര്‍പ്പ് സൗത്ത്‌ലൈവിന്

, 4:13 pm

സിറോ മലബാര്‍ സഭയിടെ കോടികളുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പുറത്ത്. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.സി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നും പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ അനന്തലാല്‍ എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്.

Advertisement