പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ വാക്കേറ്റം; രിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിർത്തിവച്ചു

പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം വാക്കേറ്റത്തെ തുടർന്ന് നിർത്തിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് ഒടുവിൽ വാക്കേറ്റത്തിലേക്കെത്തിയത്. ഒടുവിൽ സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിർത്തിവെപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകന്റെ വസതിയിലായിരുന്നു മീൻതെരുവ് ബ്രാഞ്ച് സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അതത് ലോക്കൽ കമ്മിറ്റികളിൽനിന്ന് ഒരംഗത്തിനു ചുമതലനൽകും. മീൻതെരുവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ചുമതല പൊന്നാനി നഗരം ലോക്കൽ സെന്റർ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാസെക്രട്ടറിയുമായ കെ.എ. റഹീമിനായിരുന്നു. എന്നാൽ റഹീമിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗൺസിലറുമായ സൈഫുദ്ദീൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി.

പൊന്നാനിയിൽ സി.പി.എം. പ്രവർത്തകർക്കിടയിൽ വിഭാഗീയതയുടെ വിത്തിട്ടത് റഹീമാണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. പി. ശ്രീരാമകൃഷ്‌ണനെ സ്ഥാനാർഥിയാക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെടാൻ പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് റഹീമിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. അതാണ് പൊന്നാനിയിൽ പ്രതിഷേധപ്രകടനം വരെയുള്ള പ്രശ്‌നങ്ങൾക്കു വഴിവെച്ചതെന്ന ആരോപണം ഉയർത്തിയാണ് സമ്മേളന പ്രതിനിധികൾ പ്രതിഷേധിച്ചത്.

റഹീമിനെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുന്നതു സംഘർഷത്തിലേക്കു നീങ്ങുമെന്നതിനാൽ ഏരിയാ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് മറ്റൊരുദിവസം നടത്താമെന്ന തീരുമാനത്തിൽ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു.