സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോക യോഗം ചേരും. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരണമോ എന്നതില്‍ ഇന്ന് തീരുമാനം എടുക്കും. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ജില്ലകളിലെ കോവിഡ് വ്യാപനം വിലയിരുത്തി മാറ്റങ്ങള്‍ വരുത്തും. നിലവില്‍ നിയന്ത്രണം ഏറ്റവും കൂടിയ സി ക്യാറ്റഗറിയില്‍ ഒരു ജില്ല പോലുമില്ല. സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ 22,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.6 ശതമാനമാണ്.
അതേസമയം സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് അധ്യയനം വൈകിട്ട് വരെയാക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും. ഇക്കാര്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. 10,11,12 ക്ലാസുകള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ മുതല്‍ അധ്യയനം ആരംഭിച്ചു. 14ാം തിയതി മുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.